B For BTech
ജനിച്ചു നാളിതു വരെ ബ്രാഹ്മ മുഹൂര്‍ത്തം എന്ന കേട്ടറിവേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് കണ്ടു! അനുഭവിച്ചറിഞ്ഞ SSLC പരീക്ഷാ നാളുകളില്‍ അത് കണ്ടിരുന്നെങ്കില്‍ … നിര്‍മ്മല ടീച്ചറിന്റെ ആനുവല്‍ ഡേ പ്രസംഗം പോലെ ' I would have come out in flying coleeeerrrzzzhhhhhssssssss'.
നിത്യകര്‍മങ്ങള്‍ എല്ലാം കഴിഞ്ഞു… കണ്ണാടിക്കു മുന്‍പില്‍ അറ്റന്‍ഷനില്‍ നില്‍കുന്ന എന്റടുത്തു അമ്മച്ചിയുടെ ഫോര്‍മാലിറ്റി കലര്‍ന്ന ചോദ്യം 'വെള്ളത്തിന് നല്ല തണ്പുണ്ടാല്യോ…'. തുളഞ്ഞു കയറുന്ന തണുപ്പിന്റെ കാഠിന്യം കാരണം വാ തുറക്കാന്‍ കഴിഞ്ഞില്ല… പല്ലുകള്‍ കടിച്ചമര്‍ത്തി, തലയിട്ടു വിറപിച്ചു ഞാനൊന്നു മൂളി. 5:30ക്കുള്ള ലോങ്ങ് റൂട്ട് ബസ് പിടിക്കാന്‍ ഉള്ള എന്റെ വ്യഗ്രത കണ്ട അപ്പന്‍ , പാതി ഉറക്കത്തില്‍ കട്ടിലില്‍ കിടന്നു കൊണ്ട് ഇടയ്ക് തലപൊക്കി നോക്കുന്നുണ്ടാരുനു. നോട്ടത്തിന്റെ അര്‍ഥം പിടികിട്ടിയതും, പിന്നെ അവിടെ നിന്നില്ല.
ഹീറോയിനെ ഗുണ്ടകളുടെ റേപില്‍ നിന്ന് രക്ഷിക്കാന്‍ പോകുന്ന ഹീറോയുടെ വാശിയോടെ ഞാന്‍ ബൈക്കുമായി പറന്നു.ലക്ഷ്യം ബസ് സ്റ്റാന്റ് .വിജനമായ റോഡിലൂടെ ചീറി പായുംബഴും ബസ് സ്ടാണ്ടിനു ദൂരം കൂടുന്നു… സമയും കുറയുന്നു… 'കര്‍ത്താവേ അന്റ്റാര്‍ട്ടിക്കയില്‍ പോലും ഇത്ര തണുപുണ്ടാകില്ല…'.അറിയില്ലെങ്കിലും, ബൈക്കില്‍ ഒരു വീലി ചെയ്യാന്‍ മനസു തുടിക്കുന്നു… റോട്ടിലെങ്ങും ആരുമില്ല… ഇത് തന്നെ സമയം…വേണോ? പെയിന്റ് പോകുമോ?... ഹും…ഏയ് എനിക്ക് ടാലെന്റ്‌റ് ഉണ്ടല്ലോ! സ്വപ്നത്തില്‍ നിന്ന് ഞെട്ടി ഉണരും പോലെ പെട്ടന്നാണ് അന്ജരയുടെ ബസ് മനസ്സില്‍ വീലി ചെയ്തത് !!
ബസ് സ്ടാണ്ടിലെ ജോസഫ് ചേട്ടന്റെ കടയുടെ പുറകില്‍ ബൈക്ക് സ്‌കിഡ് ചെയ്തു നിര്‍ത്തി.സമയം 5:27.ഡ്രൈവറും,ക്ലീനറും,യാത്രക്കാരും…. ആരുമില്ല! 'ശുഭം' ബസ്സിന്റെ പേര് ദേഷ്യവും ചമ്മലും കൂടി കലര്‍ന്ന വികാരത്തിന് ആക്കം കൂട്ടി.ഉറക്ക ക്ഷീണം എന്നെ ബസ്സിലെ ഒരു സീറ്റില്‍ എത്തിച്ചു.
മുന്‍പിലത്തെ സീറ്റിന്റെ കമ്പിയില്‍ നിന്ന് തല അല്പം ഉയര്‍ത്തി പാതി അടഞ്ഞ കണ്ണുകള്‍ തുറന്നു ഞാന്‍ നോക്കി… മുന്‍വശത്ത് കൂടെ ഒരു അസ്പരസു കേറി വരുന്നു.. 'ടിംഗ് … ടിംഗ്'!!! ഞാന്‍ ഞെട്ടി എഴുനേറ്റു… അസ്പരസില്ല… ബസ്സിലെ കിളി സ്വപ്നത്തിന്റെ ബെല്‍ അടിച്ചതാ… ചുറ്റും ആളും ബഹളവും.നാട്ടില്‍ 'കുട്ടി കൂറ ' ഇപ്പഴും ഉപയോഗികുന്നവര്‍ ഉണ്ടെന്നു തെളിയിക്കും വിധം ആയിരുന്നു ബസ്സിലെ ആ ഗന്ധം.
ഞാന്‍ ഹെട്‌സെറ്റ് കാതില്‍ തിരുകി… അതെ, ഏതൊരു സോഫ്റ്റ്‌വെയര്‍ എന്ജിനിയറുടെയും മുഖ മുദ്ര! അടുത്തിരുന്ന പ്രായം ചെന്ന അപ്പൂപന്, എന്നെയോ .. ഹെട്‌സെറ്റോ.. ഒന്നും ദഹിച്ചില്ല. അങ്ങേരുടെ ചുളിവുള്ള നെറ്റിയും, തുറിച്ചുള്ള കണ്ണുകളും അത് ശരി വച്ചു. 'Don't stare at me ! അമേരിക്കയില്‍ അതൊരു കുറ്റം ആണ് ' മോഹന്‍ലാലിന്റെ ഡയലോഗ് ഓര്‍മ്മ വന്നു.പിണങ്ങിയ ദമ്പതികളെ പോലെ ഞാനും അപ്പൂപനും മുഖം തിരിച്ചിരുന്നു.
മൊബൈല്‍ ഫോണിന്റെ റിങ്ങ്‌ടോണ്‍ ആണ് ഇത്തവണ സ്വപ്നത്തിന്റെ ബെല്‍ അടിച്ചത് … 'അമ്മച്ചി'. ' നിനക്ക് വണ്ടി കിട്ടിയരുന്നോ?പിന്നെ നീ എന്നതാ വിളിക്കാഞ്ഞേ…' ചോദ്യങ്ങളുടെ ശരങ്ങള്‍ ഉതിര്‍ന്നു വീണു തുടങ്ങി. 'ഇവടെ എത്തിയത് എങ്ങനാന്നു എനിക്കെ അറിയൂ. അമ്മചിയൊന്നു വച്ചിട്ട് പോയെ'.ഫോണ്‍ കട്ട് ചെയ്തതും കുറ്റബോധം തോനിയതും ഒന്നിച്ചായിരുന്നു.എന്നെ വേറെ ആരു വിളിക്കാന ഈ നേരത്ത്. സ്‌നേഹത്തിന്റെ നിറകുടമാണ് അമ്മച്ചി. ആമ്മചീ… അമ്മചീ… ഉറക്കത്തിന്റെ മാലാഖമാര്‍ എന്നെ വീണ്ടും വലിച്ചിഴച്ചു കൊണ്ടുപോയി.
എന്റെ യാത്ര എങ്ങോട്ടാണെന്നു ഓര്‍മിപിക്കും വിധം കണ്ടക്ടര്‍ തട്ടി വിളിച്ചു. 'കിനാശ്ശേരി '.എത്ര പേരാണ് എന്നുള്ള കണ്ടക്ടറിന്റെ ചോദ്യത്തിന് അപ്പൂപനെ ഇടംകണ്ണിട്ടു നോക്കിയിട്ട് ഒരു വിരല്‍ ഉയര്‍ത്തി കാണിച്ചു.മ്യൂസിക് പ്ലെയറിലെ വോള്യം മാക്‌സിമം.ആ ഗാനം എന്റെ യാത്ര അവസാനിക്കുന്ന സ്ഥലത്തെ ഓര്‍മിപിച്ചു.
കലാലയം! അതെ, സ്വര്‍ഗം കാണാന്‍ മരണം അനിവാര്യമല്ലെന്നു എന്നെ പടിപിച്ച എന്റെ കലാലയം! സൗഹൃദത്തിന്റെ ഓര്‍മ്മകള്‍ ഇന്നും ജീവിക്കുന്ന എന്റെ കൊച്ചു സ്വര്‍ഗം.പിരിഞ്ഞിട്ടും പിരിയാത്ത… സൗഹൃദങ്ങളെ… ഒന്ന് തൊട്ടറിയാന്‍, അതിനാണ് ഈ യാത്ര.
പുറം കാഴ്ചകളില്‍ എന്തോ ഒന്നില്‍ ശ്രദ്ധയുടക്കി… മഞ്ഞ ബാക്ക്‌ഗ്രൌണ്ടില്‍ ചുവപ്പ് ലിപിയുള്ള ആ ബോര്‍ഡ്… ' Cosmos BAR '! വര്‍ഷങ്ങള്‍ക്കു ശേഷം ആത്മ സുഹുര്‍ത്തിനെ കണ്ടത് പോലെ ഹൃദയം നിറഞ്ഞൊഴുകി… ബിയറിന്റെ രുചി ആദ്യമായി അറിയിച്ചു തന്ന 'സണ്ണി'യെ ഓര്‍ത്തു മുഖത്ത് 32 പല്ലുകളും വിരിഞ്ഞു.ബസ്സിലെ ആണുങ്ങളായി പിറന്നവര്‍ എല്ലാം അതേ ദിശയിലേക്കു തന്നെ ആണ് തല തിരിച്ചു വച്ചിരികുന്നത്, അപ്പൂപന്‍ പോലും! Exam failure,love failure, supplementary,arts day ഇതെല്ലാം ചെന്ന് അവസാനിക്കുന്ന ഒരേ ഒരു സ്ഥലം! 'Cosmos'.ദാസന്റെ സെന്റിമെന്റ്‌സ് ഇന്നും ആ ബാറില്‍ അലയടികുന്നുണ്ടാകും…
'കിനാശ്ശേരി…. കിനാശ്ശേരി'… കോളേജില്‍ വന്നിറങ്ങിയ ആദ്യ ദിവസത്തെ ഓര്‍മിപിക്കും വിധം ഒരു നെഞ്ജിടിപ്പായിരുന്നു… ബസ്സില്‍ നിന്നും ഇറങ്ങി കോളെജിലേക്ക് നടന്ന സമയം.സെമെസ്‌റ്റര്‍ എക്‌സാം എഴുതാന്‍ പോകുമ്പോള്‍ ഉണ്ടാകുന്ന അതേ ഹൃദയം ഇടിപ്പ്.എന്താണോ എന്തോ… ആരൊക്കെയോ എന്നെ കാത്തു കോളേജിന്റെ പടിക്കല്‍ നില്‍കുന്ന പോലെ ഒരു തോന്നല്‍ … കേട്ടു മറന്ന, പരിജയം ഉള്ള സ്വരങ്ങള്‍ ദൂരെ എവിടെയോ നിന്നു കമന്റ് അടിക്കുന്നുണ്ട്… ആര്‍ത്തു ചിരിക്കുന്നുണ്ട്… ഇല്ല എല്ലാം വെറും തോന്നലുകള്‍ ആണ്…
കോളേജിന്റെ കവാടത്തില്‍ സെക്യൂരിറ്റി മാമന്‍. ID കാര്‍ഡ് ഇല്ലാത്ത പിള്ളേരെ ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ നടപാക്കാന്‍ അവകാശം ഉള്ള ഒരേ ഒരാള്‍ ! 'ഞാന്‍ ഇവടെ പഠിച്ചതാ… ഒരു സര്‍ട്ടിഫിക്കറ്റ് മേടിക്കാന്‍ വന്നതാ…'. ഇവടെ പഠിച്ച കൂതറയാണെന്ന് കണ്ടപ്പഴേ മനസിലായി എന്ന ഭാവത്തില്‍ മാമന്‍ തലയാട്ടി. അങ്ങല്ലാതെ മറ്റൊരു ദൈവം ഇല്ലെന്ന ഭാവത്തില്‍ ഞാന്‍ മാമനെ വണങ്ങി മുന്നോട്ടു നടന്നു.
ശനിയാഴ്ചയാണ്… അധികം പിള്ളേര് കോളേജില്‍ കാണില്ലെന്ന് വ്യക്തം! പുസ്തകപുഴുക്കള്‍ , കമിതാക്കള്‍ ... ഈ ജനുസ്സില്‍ പെടുന്നവരേ ഇന്നേ ദിവസം കണ്ടു വരാറുള്ളു.മറ്റുള്ളവരെ ഭോധ്യപെടുത്താന്‍ വേണ്ടി മാത്രം ശനിയാഴ്ച ഇറങ്ങുന്ന പൊതുജനങ്ങള്‍ വേറെ. കമന്റടിയുടെ രാജാക്കന്മാര്‍ വാണിരുന്ന കോറിഡോറുകള്‍ ആണ് എന്നെ വരവേറ്റത്. ഒരു പെണ്‍കുട്ടിയുടെ ശരീര വടിവ് ഇത്ര കൃത്യമായി അളന്നു എടുക്കുന്ന വേറൊരു സ്ഥലം ഈ കോളേജില്‍ ഇല്ല.
എതിരെ നിന്നു വരുന്നു ഒരു സുന്ദരി.പുസ്തകപുഴു ജനുസ്സില്‍ പെട്ടത് ആണ്, കൂടെ ആണ്‍കുട്ടി ഇല്ല. മാസത്തില്‍ 20-25,000 സമ്പാദിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ എന്ജീനിയരുടെ എല്ലാ ഗമയോടും കൂടി ഞാന്‍ അവളെ നോക്കുന്നില്ല എന്ന മട്ടില്‍ നടന്നു.അവളും അതേ ജാടയോടെ നടന്നു നീങ്ങി.കോറിഡോറിന്റെ ഒരു തൂണില്‍ ചാരി നിന്നു, മുന്തിരി കിട്ടാത്ത കുറുക്കനെ പോലെ ഞാന്‍ ഇടം കണ്ണിട്ടു, അവള്‍ നടന്നു അകലുന്നത് നോക്കി നിന്നു. 'നിനക്ക് പെണ്‍പിള്ളേരുടെ സൈക്കോളജി അറിയില്ല അളിയാ…' ഇതേ കോറിഡോറില്‍ നിന്നു കൊണ്ട്, കാമരാജ് (കുക്കു ) എന്റടുത്ത് പണ്ട് ഇറക്കിയ ഡയലോഗ് ! 'അളിയാ കുക്കു, നീ പറഞ്ഞത് ശരിയാ… എനിക്കറിയില്ല' തൂണിനോട് സംസാരിക്കുന്ന എന്നെ നോക്കി അതു വഴി പോയ ഒന്ന് രണ്ടു പിള്ളേര് 'യെവന് വട്ടാണോ' എന്ന മട്ടില്‍ എന്തോ പറയുന്നു.
പണ്ട് ഇരുന്ന ക്ലാസ്‌റൂം തപ്പി ഒന്ന് രണ്ടു ഫ്‌ലോര്‍ കേറി ഇറങ്ങി. ആആഅഹ് … ക്ലാസ്‌റൂം നമ്പര്‍ '13'. അതേ റൂം … 13 അത്ര നല്ല നമ്പര്‍ അല്ല എന്നാണു വിശ്വാസം … പക്ഷെ ജീവിതത്തിലെ സുന്ദരമായ ഓര്‍മ്മകള്‍ സമ്മാനിച്ചത് ഈ നാല് ചുമരുകല്കിടയില്‍ കഴിഞ്ഞ സമയങ്ങള്‍ ആണ്. ക്ലാസ്സിനുള്ളില്‍ ഇണ പ്രാവുകള്‍ ഒന്നും ഇല്ല. നിശബ്ദം. ഓരോ ഇരിപ്പിടതിലും ഓര്‍മ്മകള്‍ അങ്ങനെ തട്ടി തട്ടി നടക്കുന്നു… ശ്യാമാ മിസ്സിന്റെ സാരി തലപ്പൊന്നു മാറിയാല്‍ , ആടി ഉലയുന്ന ഒരുപാട് ഹൃദയങ്ങള്‍ എന്നെ ആ ബാക്ക് ബെഞ്ചിലേക്ക് മാടി വിളിക്കുന്നുണ്ടായിരുന്നു. ഈ ക്ലാസ്സില്‍ ഇരുന്നു പഠിച്ച ഓര്‍മ്മകള്‍ വിരളം!…. ഉണ്ടെങ്കില്‍ അതു ക്ലാസ്സ് ടൈമില്‍ ഉറങ്ങി തീര്‍ത്തതും, ബിന്‌ഗോ,ബുക്ക് ക്രിക്കറ്റ് അങ്ങനെ പല കളികളും… യുണിഫോം ഇട്ട സ്വന്തം ക്ലാസ്സിലെ പെണ്‍കുട്ടികളെ കണ്ടു മടുത്ത്… കണ്ണെന്നും മറ്റുള്ള കോഴി കൂടുകളില്‍ ആയിരുന്നു…
ലൈബ്രറി! ക്ലാസ്സിന്റെ ഓര്‍മ്മകള്‍ പുതുക്കി നടന്നു ചെന്നെത്തിയത് അവടെയായിരുന്നു… പരിജയം ഇല്ലാത്ത മുഖങ്ങള്‍ ആണ് അതിനുള്ളില്‍ … പക്ഷെ ലൈബ്രറിയുടെ സ്വഭാവം പഴയത് തന്നെ… ബുക്കിന്റെ മറവില്‍ പ്രേമം, വായിനോക്കികള്‍ പത്രത്തിന്റെ മറവില്‍ ആസ്വാദനം കണ്ടെത്തുന്നു… പുസ്തകം അടിച്ചു മാറ്റുന്ന ടീംസ് ഉടായിപ്പ് വേലകളില്‍ ബിസി… ഇതൊന്നും അറിയാതെ… ഈ ലോകത്തിലേ അല്ല എന്ന വികാരത്തോടെ ആസനത്തിനു ചിതല് പിടിച്ച പുസ്തക പുഴുക്കളും ഹാജര്‍ .
മൂത്ര ശംഗ തീര്‍ക്കാന്‍ ടോയലെട്ടിലേക്ക് പറന്നു… കേറുന്നതിനു മുന്പ് അസഹ്യമായ ഗന്ധം മൂക്കിലൂടെ തുളഞ്ഞു തലച്ചോറ് വരെ എത്തി. ആ ചുവരുകള്‍ അലങ്കരിചിരിക്കുന്നത് അശ്ലീല ചിത്രങ്ങളും,തെറിയും… ആ ചുവരുകള്‍ പെയിന്റ് അടിച്ചവര്‍ നാണിച്ചു പോകും വിധമുള്ള കാഴ്ച. കൈ കഴുകാന്‍ കാത്തു നിന്നാല്‍ ടോയലെട്ടില്‍ തന്നെ തലകറങ്ങി വീഴും, അനസ്‌തേഷ്യ തോറ്റുപോകുന്ന ഗന്ധം!
പരിജയമുള്ള മുഖങ്ങള്‍ വിരളം… പിള്ളാരുടെ ചോര ഊറ്റികുടിക്കുന്ന ഒന്ന് രണ്ടു പ്രൊഫസര്‍ ഗണത്തില്‍ ഉള്ള ആളുകള്‍ ഇപ്പോഴും അവടെ ജീവിച്ചു വരുന്നു… 'നിന്റെ ഒക്കെ പൊക കണ്ടിട്ടേ അടങ്ങു ' എന്ന ദ്രിടനിശ്ചയം ആ കണ്ണുകളില്‍ തിളങ്ങുന്നുണ്ട് … കണ്ണിനു കുളിര്‍മയായി 3,4 ഫ്രഷ് ടീചെര്‍സ് പോകുന്നുണ്ട് . പിള്ളാരോട് യൂണിവേര്‍സിറ്റി കാണിക്കുന്ന ഏക നന്മ!
പുറത്തേക്കുള്ള വഴിയില്‍ നോട്ടീസ് ബോര്‍ഡില്‍ കണ്ണൊന്നു ഉടക്കി. സസ്‌പെന്‍ഷന്‍ കേടികള്‍ , ഫെയില്ട് കാന്റിഡേറ്റ്‌സ് .ഈ നോട്ടീസ് ബോര്‍ഡിന് പറയാന്‍ എന്നും ഇവരുടെ കഥകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പണ്ടു കാലത്തെ വീര യോദ്ധാക്കളുടെ കഥ വായിച്ചു പടികുംപോലെ ആണ് പിള്ളാര് അതിലെ പേരുകള്‍ ഉറ്റുനോക്കുന്നത് .
കോളേജിന്റെ കവാടത്തില്‍ തിരിച്ചെത്തിയപ്പോള്‍ .. സെക്യൂരിറ്റി മാമന്‍ : 'ഫ്രെണ്ട്‌സ് ഒന്നും വന്നില്ലേ? സമയം കിട്ടുമ്പോ വീണ്ടും ഈ വഴിക്കൊക്കെ വാ ' മാമനോട് സ്‌നേഹം നിറഞ്ഞ ഒരു ബൈ പറഞ്ഞു ആ പടികള്‍ ഇറങ്ങുമ്പോള്‍ എന്തെന്നില്ലാത്ത ഒരു ദുഃഖം മനസിനെ വിഴുങ്ങി… സൗഹൃദം പങ്കു വച്ചവര്‍ ഇന്ന് കൂടെ ഇല്ല… 'രാവണ്‍' സിനിമയുടെ ക്ലൈമാക്‌സ് ഓര്‍മ്മകള്‍ ആണ് എന്നെ വളഞ്ഞത് . 'നാന്‍ വരുവേനെ…. വീണ്ടും വരുവേനെ….' ഓര്‍മ്മകള്‍ സ്വയം എന്നോട് മന്ത്രികുന്നത് പോലെ……
ഒരിക്കല്‍ കൂടെ ആ പഴയ കാലം ഒന്ന് ജീവിക്കാന്‍ കഴിഞ്ഞെങ്കില്‍ … പരീക്ഷാ സമയത്ത് മാത്രം ടെന്‍ഷന്‍ എന്ന വികാരം തോന്നിയ കാലം… സംസാരിക്കാന്‍ വിഷയങ്ങള്‍ ഇല്ലാതെയും നേരം വെളുക്കുവോളം ഹോസ്റ്റല്‍ റൂമുകളിലെ കൊച്ചു കൊച്ചു വര്‍ത്തമാനങ്ങള്‍ … ചിരിയിലും,വഴക്കിലും ഒന്നിച്ചു നിന്ന കാലം… സുഹുര്‍ത്തിനോളം വരില്ല ഒന്നും എന്ന് അനുഭവിച്ചറിഞ്ഞ കാലം…
തിരികെ വരില്ല ഒന്നും… ഓര്‍മകള്‍ക്ക് ഒരായിരം നന്ദി… ആരൊക്കെ മാറിയാലും, എന്തൊക്കെ മാറിയാലും.. ഓര്‍മ്മകള്‍ എന്നും കൂട്ടിനുണ്ട്… ഓര്‍മകളെ ഇത്ര സുന്ദരമാക്കിയ ഓരോ സുഹൃത്തിനെയും ഈ പടികള്‍ ഇറങ്ങുമ്പോള്‍ ഞാന്‍ ഇവടെ ഓര്‍കുന്നു…
തിരിഞ്ഞു നിന്നു ആ കെട്ടിടത്തെ ഒന്ന് നോക്കി കുറച്ചു നേരം നിന്നു …. കലാലയം ! സൗഹൃദത്തിന്റെ ഓര്‍മ്മകള്‍ ഇന്നും ജീവിക്കുന്ന എന്റെ കൊച്ചു സ്വര്‍ഗം . പിരിഞ്ഞിട്ടും പിരിയാത്ത … സൗഹൃദങ്ങളെ … ഒരിക്കല്‍കൂടെ തൊട്ടറിയാന്‍ …… അതിനായിരുന്നു ഈ യാത്ര ……
- അഖിലേഷ് മോഹന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മനസ്സില്‍ തോന്നിയത് കുറിക്കാതെ പോവല്ലേ....