മാഷിന്റെ മാത്രം 'പ്രണയം'
അബ്ദുക്കാന്റെ കട തിണ്ണയിലെ തൂണും, അതു ചാരി ഇരുന്ന ബാലകൃഷ്ണന്‍ മാഷിനേം കണ്ടപ്പഴേ ഞങ്ങള്‍ക്ക് കാര്യം മനസ്സിലായി…
ശ്രീലേഖ ടീച്ചറിനോട് മൊഴിയാതെ പോയ പ്രണയത്തെ… ചായയിലൂടെ വീണ്ടും ഒന്നയവറക്കുകയാണ് മാഷ്…
തെങ്ങോത്ത് എല്‍ പി സ്‌കൂളില്‍ , മാഷിന്റെ പ്രണയകാവ്യം വായിക്കാത്ത ഒരു കുഞ്ഞു പോലും ഇല്ല… ഹൃദയത്തില്‍ പൂട്ടിയിട്ട പ്രണയം നാടിന്റെ മ്യുസിയം ആയതും അങ്ങനെ ആണ്… ശ്രീലേഖ ടീച്ചറിന്റെ സ്ഥലം മാറ്റവും… അബ്ദുക്കാന്റെ കട തിണ്ണയിലെ ഈ സ്ഥിരം കാഴ്ചയും അതിന്റെ ബാക്കി പത്രങ്ങളാണ്…
ഗോപി ഓര്‍ത്തു നിന്നില്ല.. വഴിയില്‍ കിടന്ന ഒരു കരിക്കട്ട എടുത്തു ബസ് സ്റ്റോപ്പിനോട് ചേര്‍ന്നുള്ള അബ്ദുക്കാന്റെ കടയുടെ ഭിത്തിയില്‍ വര തുടങ്ങി... മാഷിന്റെ പ്രണയത്തെ ആക്ഷേപ ഹാസ്യത്തില്‍ ആ ഭിത്തിയില്‍ അലങ്കരിച്ചു… അതിലേ കടന്നു പോകുന്ന… തെങ്ങോത്തുകാര്‍ക്ക് വാപ്പുറത്തു കൈ വച്ച് ചിരിക്കാന്‍ പുതിയൊരു കാരണം.. !
മികച്ച കാര്‍ടൂണിസ്റ്റുകള്‍ പോലും വരക്കാന്‍ സാധ്യത ഇല്ലാത്ത ഒരു കലാസ്രിഷ്ടിക്കു പക്ഷെ ഗോപിക്ക് ലഭിച്ചത്… ഹെഡ്മാസ്റ്ററിന്റെ മേശപുറത്തെ ചൂരലിന്റെ ചൂടും… മാതാ പിതാക്കളുടെ ശകാരവും….
അന്ന് പതിവുപോലെ ക്‌ളാസ്സിലെ വിരുതരെല്ലാം ഹാജര്‍ ! ബാലകൃഷ്ണന്‍ മാഷിന്റെ ക്‌ളാസ് ആവുമ്പോ പിള്ളേര്‍ക്ക് പഠിക്കാന്‍ ഉത്സാഹം കൂടും… മാഷിനെ കരിതേച്ചു കാട്ടാന്‍ പിള്ളേര്‍ക്ക് ഹരമാണ്… ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ പിള്ളേരെ പിടിച്ചു രണ്ടു പൊട്ടിച്ചേനെ… എന്നാലും മാഷതു ചെയ്യാറില്ല…
32 പിള്ളേരുള്ള ക്‌ളാസ്സില്‍ ഗുഡ് മോര്‍ണിങ്ങിന്റെ സ്വരങ്ങള്‍ക്ക് തീരെ ശക്തി പോര… മാഷിന്റെ വരവിനെ എഴുന്നേറ്റു നിന്ന് സ്വീകരികുന്നത് പോലും അന്‌ജോ പത്തോ പിള്ളേര് മാത്രം… പിള്ളേരെ നിറപുഞ്ചിരിയോടെ വിഷ് ചെയ്തു… കത്തിച്ചിട്ട ബീഡി കുറ്റികള്‍ പോലെയുള്ള ചോക്കുകളില്‍ ഒരെണ്ണം എടുത്തു ബ്‌ളാക്ക് ബോര്‍ഡിലേക്ക് കയ്യൂന്നി…
മലയാളത്തിലെ മഹാകവികള്‍ കൈകൂപ്പിപോകും തരത്തിലുള്ള കവിതാ രചന…. ബോര്‍ഡില്‍ .. മാഷിനെയും, ശ്രീലേഖ ടീച്ചറിനേയും ചേര്‍ത്ത് നല്ല ഒന്നാന്തരം മുഴുനീള കവിത!!!
വികാരാധീനനായ നടനെ പോലെ മാഷ് കണ്ണട ഊരി കസേരയില്‍ നിലയുറപ്പിച്ചു…. അതിനിടയ്ക് എപ്പഴോ… കവിതയുടെ ഉപജ്ഞാതാവിനെ പ്രശംസിക്കാന്‍ മാഷ് മറന്നില്ല… ജാള്യതയാണോ… വിഷമമാണോ എന്നറിയില്ല.. മാഷ് ചോക്ക് കൊണ്ട് മേശപ്പുറത്തു വരഞ്ഞു ചിന്താമഗ്‌നനായി…. പതിവുപോലെ… പിള്ളേര് ചിരിയിലും കളിയിലും അന്നത്തെ പിരിയഡ് കഴിച്ചു കൂട്ടി…
ജോണീടെ ഉറക്കെ ഉള്ള സംസാരം കേട്ടാണ് സ്‌കൂളിലെ കുട്ടികളും അധ്യാപകരും ഓടിക്കൂടിയത്… ഗ്രൗണ്ടില്‍ ഒരു സിനിമാ ഷൂട്ടിംഗ് നടക്കുന്ന പ്രതീതി.. സ്‌കൂളില്‍ ഇത്രയും പിള്ളേരും മാഷമ്മാരും ഉണ്ടെന്നു അറിയില്ലായിരുന്നു…
കൂടി നിന്നവര്‍ , അവടെ നടക്കുന്നത് മറ്റുള്ളവരെ അറിയിക്കാന്‍ ഉള്ള ബദ്ധപ്പാടിലാണ്… ടൊയലട്ടിന്റെ അരികില്‍ നിന്ന് ജോണി രോഹിണീടെ കയ്യിലും മുഖത്തും പിടിച്ചു സംസാരിക്കുന്നതു കണ്ട ബാലകൃഷ്ണന്‍ മാഷ്… അവരെ സ്വകാര്യമായി ഒന്ന് ശകാരിച്ചു….
9 ലോറികളുള്ള സണ്ണിച്ചന്‍ മൊതലാളീടെ അഞ്ചില്‍ പഠിക്കുന്ന മകനെ.. സണ്ണിച്ചന്‍ പോലും ശകാരിച്ചിട്ടില്ല.. അതിന്റെ അരിശം ജോണി മാഷിനോട് കാണിച്ചു…
'മാഷ് വെല്യ വര്‍ത്താനൊന്നും പറയണ്ടാ… ശ്രീലേഖ ടീച്ചറു പോയത് ഇങ്ങള് കാരണല്ലേ… '
ഗുരു ദക്ഷിണയായി പെരുവിരല്‍ സമര്‍പ്പിച്ച ഏകലവ്യന്റെ നാട്ടില്‍ ഇങ്ങനെയും ഒരു ഗുരുദക്ഷിണ കിട്ടുമെന്ന് ഒരു ഗുരുവും കരുതിക്കാണില്ല… അവിവാഹിതനായ മാഷിനു സ്വന്തം മക്കളു തന്നെയാണ് സ്‌കൂളിലെ പിള്ളാര്… മക്കളു തന്നെ മുഖത്തടിച്ചാലോ? മാഷിന്റെ സ്ഥബ്ദമായ ആ നില്‍പ്പ് .. ചിലരെയെങ്കിലും വിഷമിപിച്ചു…
'എന്തോന്നാടാ നോക്കി നില്‍ക്കുന്നത് ? പോയീനെടാ എല്ലോം…' ഹെട്മാസ്റ്റെര്‍ കുട്ടികളെ ക്‌ളാസ്സിലേക്ക് തല്ലി ഓടിക്കുന്ന തിരക്കില്‍ … ജോണിയും കാമുകിയും.. ഓടി മറഞ്ഞു…
മാഷിനു ചുറ്റും നിന്ന ചുരുക്കം ചില കുട്ടികളോടായി മാഷു മൊഴിഞ്ഞു… 'ശരീരത്തോടുള്ള കാമം അല്ല കുഞ്ഞുങ്ങളേ പ്രണയം…. ' അഞ്ചില്‍ പഠിക്കുന്ന എനിക്ക് , പ്രണയം എന്നു വൃത്തിക്ക് പറയാന്‍ പോലും അറിയില്ല… എന്നാല്‍ പ്രണയം എന്നത് മാഷിനെ പോലെ 'ഡീസെന്റ് ' ആയ എന്തോ ആണെന്ന് അന്ന് മനസിലായി…. കണ്ണ് തുടച്ചു സ്റ്റാഫ് റൂമിലേക്ക് നടന്ന മാഷിനെ എന്തിനെന്നറിയാതെ ഞാന്‍ നോക്കി നിന്നു…
വെള്ള നിറത്തില്‍ തിളങ്ങുന്ന ബെന്‍സ് കാറില്‍ വന്നിറങ്ങിയത് വര്‍ഷങ്ങള്‍ക്കു മുന്പ് കൂടെ പഠിച്ച ജോണിയാണെന്ന് തിരിച്ചറിയാന്‍ ഇത്തിരി ബുദ്ധിമുട്ടി… ' ഡാ.. ജോണീ… ഓര്‍മ്മെണ്ടോടാ …? ' ഓടി ചെന്നു കുശലം ചോദിച്ച എന്നെ വെള്ള ജുബ്ബയും മുണ്ടും ധരിച്ച ബിസ്‌നസ്സുകാരന്‍ തുറിചൊരു നോട്ടം…
'ഞാനാടാ… അപ്പു… എല്‍ പി സ്‌കൂളിലെ… ' … അവന്‍ അറിയാമെന്ന ഭാവത്തില്‍ ചിരിച്ചത് തന്നെ വലിയ ഭാഗ്യം… കൂടി നിന്നവരുടെ മുന്‍പില്‍ തൊലി ഉരിഞ്ഞു പോയേനെ….
എല്‍ പി സ്‌കൂളിന്റെ ഓര്‍മ്മകള്‍ അയവറക്കുന്നതിനിടയില്‍ …. പണ്ടത്തെ മാഷിന്റെ ശകാരം ഓര്‍ക്കുന്നോ എന്ന ചോദ്യത്തിന് ജോണി…. ' മ്ബ്ബക്കതൊക്കെ ഓര്‍ക്കാന്‍ എവടെയാട സമയൊ… ഫുള്ള് ബിസ്‌നെസ്സിന്റെ ടെന്ഷന്‌ലാ… '
എവടെയാണ് ടച്ച് ചെയ്യുന്നത് എന്നു പോലും അറിയാതെ ടച്ച് സ്‌ക്രീനില്‍ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു കൈ ചലിപ്പിക്കുന്ന ബിസ്‌നെസ്സുകാരന്റെ വിലപ്പെട്ട സമയം കളയാന്‍ ഞാന്‍ നിന്നില്ല…
വര്‍ഷങ്ങള്‍ക്കു ശേഷം തെങ്ങോത്തു വന്നിറങ്ങിയത് കുട്ടിക്കാലത്തെ നനുത്ത ഓര്‍മ്മകള്‍ പുതുക്കാന്‍ തന്നെ… MBA,മള്‍ടിനാഷണല്‍ കമ്പനിയില്‍ ഉദ്യോഗം, കല്യാണം… ഇങ്ങനെയൊക്കെ ആണെങ്കിലും ജീവിതത്തിന്റെ നീരാളി പിടുത്തത്തില്‍ നിന്നു ഒരു ആശ്വാസത്തിനു… അതിനാണ് ഇങ്ങോട്ട് വന്നത്.
ഇന്നും ഒരു മാറ്റവും കൂടാതെ അങ്ങനെ നില്‍ക്കുന്നു അബ്ദുക്കാന്റെ ചായക്കട… നടന്നടുത്തപ്പോള്‍ … കണ്ടു മറന്ന ഒരു മുഖം… അവിടുത്തെ തൂണില്‍ ചാരി ഇരിപ്പുണ്ട്… 'മാഷ് !' വാര്‍ധക്ക്യം, നരകള്‍ കൊണ്ട് ആ തലമുടിയും,താടിയും അലങ്കരിചിരിക്കുന്നു… ആ മുഖത്തെ ഐശ്വര്യം ഒന്നു കൂടെ വര്‍ധിച്ചിരിക്കുന്നു… എന്നത്തേയും പോലെ കയ്യില്‍ ഒരു ചായയുടെ ഗ്‌ളാസുമായി മാഷ് ചിന്താമഗ്‌നനാണ് ….
'മാഷേ… ' സ്‌നേഹം നിറഞ്ഞൊഴുകുന്ന ആ കണ്ണുകളില്‍ കൌതുകത്തിന്റെ തിരമാലകള്‍ …..
'മാഷിനെന്നെ മനസിലായോ…. അപ്പുആണേ .. വടക്കേലെ .. '… മരിച്ചു പോയ എന്റെ അച്ഛന്‍ തിരികെ വന്നെന്നെ ആശ്ലേഷിക്കുന്ന അനുഭൂദിയായിരുന്നു മാഷെന്നെ വാരി പുണര്‍ന്നപ്പോള്‍ …
'സന്തോഷായിട്ടൊ അപ്പുഏ… പഠിപ്പിച്ച മക്കളെ ആരെയും കാണാറില്ല … ഹാ.. എല്ലോരും വെല്ല്യ ആളോള്‍ ആയിട്ടിണ്ടാഉം … അത് മതി… അപ്പു സിറ്റീലാ ല്ലേ ജോലി…. അമ്മ പറഞ്ഞറ്യ !… വന്നൂല്ലോ… സന്തോഷായി… '
ഇന്നും അറിവിന്റെ നിറകുടം തന്നെ മാഷ്…. ഒരുപാടനുഭവങ്ങള്‍ പകര്‍ന്ന അറിവ് … ആ വാക്കുകളില്‍ പ്രതിഫലിക്കുന്നുണ്ടായിരുന്നു…
ഭാര്യയെയും മക്കളെയും തിരക്കിയപ്പോ നിഷ്‌കളങ്കത നിറഞ്ഞ ഒന്നു രണ്ടു ചിരിക്കു ശേഷം…
'നിങ്ങളൊക്കെ ന്റെ മക്കളല്ലേ… പിന്നെ ഇക്കാണുന്ന ഓര്‍മ്മകള്‍ ഒക്കെ ണ്ടല്ലോ ന്റെ കൂട്ടിനു… ' പണ്ടു ആ ഭിത്തിയില്‍ ഗോപി പകര്‍ന്നിട്ട ച്ചായകൂട്ടുകളെ ചൂണ്ടി മാഷ് പറഞ്ഞു…
മാഷ് ഇനിയും കല്യാണം കഴിച്ചില്ലെന്ന യാഥാര്‍ത്ഥ്യം എന്നെ ഞെട്ടിച്ചു….. ശ്രീലേഖ ടീച്ചറിനെ ഇത്രയധികം സ്‌നേഹിച്ചിരുന്നോ എന്റെ മാഷ്….?
കൌതുകവും ഞെട്ടലും അടക്കിപിടിക്കാന്‍ ആവാതെ… ഞാന്‍ ചോദിച്ചു… 'എന്തേ മാഷേ... ഇനിയും കല്യാണം കഴിക്കാഞ്ഞെ … ?'
ചോദ്യം കേട്ടില്ലെന്ന മട്ടില്‍ ചായപ്പൊടി ബാക്കി നിര്‍ത്തി…. ഗ്‌ളാസ്സ് ബെഞ്ചില്‍ ഉപേക്ഷിച്ചു മാഷ് നടന്നു തുടങ്ങി…
മാഷിനു വേദനിച്ചു എന്ന തിരിച്ചറിവില്‍ ക്ഷമ പറയാന്‍ മാഷിനടുത്തെക്ക് ഓടി ചെന്നു …
എന്തെങ്കിലും പറയുന്നതിന് മുന്‍പ് … എന്റെ തോളില്‍ വലതു കൈ വച്ച് നടന്നു കൊണ്ട് മാഷ് പറഞ്ഞു .. 'മാഷ് ഇവട്യൊക്കെ തന്നെ ഇണ്ടാഉം….. വരണം….. '
മാഷ് നടന്നകലുമ്പോള്‍ …. ഞാന്‍ എന്നോടായി തന്നെ ചോദിച്ചു… ആ വാക്കുകള്‍ ആരോടായിരുന്നു? എന്നോടോ….? ശ്രീലേഖ ടീച്ചറിനോടോ…. ? അതോ ഒരു പുണ്യം പോലെ ഹൃദയത്തിലേറ്റി നടക്കുന്ന പ്രണയത്തോടോ…..?
അമ്മയും വിടപറഞ്ഞിട്ട് നാളുകളായി… ബലിയിടാന്‍ ഇത്തവണയെങ്കിലും പോയേ മതിയാവു…. തെങ്ങോത്തേക്ക്…
തെങ്ങോത്തെ വടക്കേ വീട്ടില്‍ ബലി കാക്കകള്‍ പറന്നകന്നപ്പോള്‍ …. സാന്ത്വനത്തിന്റ്‌റെ മധുരത്തിനായി അബ്ദുക്കാന്റെ കടയിലേക്ക് നടന്നു….
കടത്തിണ്ണയിലെ ബെഞ്ചില്‍ … കുടിച്ചു ബാക്കിയാക്കിയ കാല്‍ ഗ്‌ളാസ് ചായയുണ്ട്…. തൂണില്‍ ചാരി ഇരിക്കാറുള്ള ആ രൂപം ഇന്നവടെ ഇല്ല…
കടയുടെ ബിത്തിയിലെ ച്ചായകൂട്ടുകളിലെ ഓര്‍മകളെ ബാക്കിയാക്കി മാഷും വിടപറഞ്ഞിരിക്കുന്നു….
ഗോപി വരച്ചിട്ട ചിത്രങ്ങളെ നോക്കി മനസ് വേദനിച്ചു…
'ശരീരത്തോടുള്ള കാമം അല്ല കുഞ്ഞുങ്ങളേ പ്രണയം …. ' മാഷിന്റെ വാക്കുകള്‍ എന്റെ ഹൃദയത്തെ തുളച്ചു കടന്നു…
നിഷ്‌കളങ്കമായ പ്രണയത്തെ ഹൃദയത്തിലേറ്റി നടന്ന എന്റെ മാഷ് … സ്‌നേഹിക്കുന്നവരെ മറവിയുടെ മയാജാലങ്ങള്‍ക്കു പോലും വിട്ടു കൊടുക്കാത്ത എന്റെ മാഷ് … പ്രണയം ജീവിതം കൊണ്ട് വരച്ചു ഭംഗിയാക്കിയ എന്റെ മാഷ് …
'മാഷ് ഇവട്യൊക്കെ തന്നെ ഇണ്ടാഉം….. വരണം….. ' തെങ്ങോത്തെ അങ്ങാടിയില്‍ എവടെയൊക്കെയോ ആ ശബ്ദം മുഴങ്ങുന്നു….
അച്ഛന്റെ ചിതയെരിയുമ്പോ… എല്ലാം മറന്നു അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞ വേദന… അതെന്നെ വീണ്ടും അലട്ടി…. ഭിത്തിയില്‍ ചേര്‍ന്ന് നിന്നു മാഷിന്റെ ഓര്‍മകളില്‍ .. ഒഴുകുന്ന കണ്ണീരു നിയന്ത്രിക്കാന്‍ എനിക്കായില്ല….
ശ്രീലേഖ ടീച്ചറും… ലോകവും… അറിയാതെ പോയ മാഷിന്റെ നിഷ്‌കളങ്ക പ്രണയത്തിനു സ്മാരകമായി…. അബ്ദുക്കാന്റെ ഈ കട തിണ്ണ ഇന്നും ഒരു ബാക്കി പത്രം…..
- അഖിലേഷ് മോഹന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മനസ്സില്‍ തോന്നിയത് കുറിക്കാതെ പോവല്ലേ....